അഭയാർത്ഥി നിയമങ്ങളിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങി ബ്രിട്ടൻ

By: 600110 On: Nov 17, 2025, 1:39 PM

ബ്രിട്ടനിൽ അഭയാർത്ഥി നിയമങ്ങളിൽ  ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലേബർ സർക്കാർ കർശനമായ നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം, അഭയാർത്ഥി പദവി നൽകുന്നവരുടെ സംരക്ഷണം വെട്ടിക്കുറയ്ക്കും. കൂടാതെ, ജോലി ചെയ്യാൻ കഴിവുള്ള അഭയാർത്ഥികൾക്ക് ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.

ഈ പരിഷ്കാരങ്ങളുടെ ഭാഗമായി, അഭയാർത്ഥി പദവി ലഭിക്കുന്നവരുടെ താമസാനുമതിയുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് രണ്ടര വർഷമായി കുറയ്ക്കും. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നവർക്ക് മുൻഗണന നൽകുമെന്നും ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി. കൂടുതൽ കർശനമായ തീരുമാനങ്ങൾ പ്രകാരം, അഭയാർത്ഥി പദവി ലഭിക്കുന്ന ഒരാൾക്ക് സ്ഥിരതാമസത്തിന്  അപേക്ഷിക്കാൻ നിലവിലെ അഞ്ച് വർഷത്തിന് പകരം 20 വർഷം വരെ കാത്തിരിക്കേണ്ടി വരും. അനധികൃതമായി രാജ്യത്ത് എത്തുന്നവരെ തടയുന്നതിനും നീതിയും നിയന്ത്രണവും ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികളെന്ന് സർക്കാർ വ്യക്തമാക്കി. അഭയാർത്ഥികൾക്ക് താമസവും സാമ്പത്തിക സഹായവും ഉറപ്പുനൽകിയിരുന്ന നിയമപരമായ വ്യവസ്ഥകൾ ദുർബലപ്പെടുത്താനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അനധികൃത കുടിയേറ്റം രാജ്യത്തെ തകർക്കുകയാണെന്നും നിയമം തെറ്റിക്കുന്നവർക്ക് സഹായം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.